Wednesday, March 4, 2009

സര്‍ഗ്ഗോത്സവത്തില്‍ ഉപ്പു സത്യഗ്രഹം

ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ മാര്‍ച്ച്‌ 2,3 തിയ്യതികളില്‍ കോഴിക്കോട്ട്‌ നടന്ന സര്‍ഗ്ഗോത്സവത്തില്‍ യുവജനയുടെ നേതൃത്വത്തില്‍ അവതരിപ്പിച്ച നിശ്ചലദൃശ്യം ശ്രദ്ധേയമായിരുന്നു.സ്വാതന്ത്ര്യ സമരചരിത്രത്തില്‍ കോഴിക്കോടിന്റെ പാരമ്പര്യത്തിന്റേയും പൈതൃകത്തിന്റേയും ധന്യമായ ഓര്‍മ്മയുണര്‍ത്തി, പി കൃഷ്ണപ്പിള്ള, മുഹമ്മദ്‌ അബ്ദുറഹിമാന്‍ സാഹിബ്‌ എന്നിവരുടെ നേതൃത്വത്തില്‍ 1930 ല്‍ നടന്ന ഉപ്പുസത്യാഗ്രഹമായിരുന്നു നിശ്ചലദൃശ്യത്തിന്റെ വിഷയം.






മാര്‍ച്ച്‌ 2 നു പ്രശസ്ത ചരിത്രകാരന്‍ ഡോ കെ കെ എന്‍ കുറുപ്പ്‌ ഉദ്ഘാടനം ചെയ്ത സര്‍ഗ്ഗോത്സവത്തില്‍ കോഴിക്കോട്‌ ജില്ലയിലെ വിവിധ ഗ്രന്ഥാലയങ്ങളെ പ്രതിനിധീകരിച്ച്‌ നിന്ന് നാനൂറിലേറെ പേര്‍ പങ്കെടുത്തു.

"വര്‍ഗീയതയും ഭീകരവാദവും", "ഇന്ത്യന്‍ സമ്പദ്ഘടനയും വികസന നിലപാടും", "സാംസ്കാരിക രംഗവും ഗ്രന്ഥശാലകളും" എന്നീ വിഷയങ്ങള്‍ കേന്ദ്രീകരിച്ച്‌ മൂന്നു സെമിനാറുകള്‍ നടന്നു. കെ ഇ എന്‍, യു കെ കുമാരന്‍, എം രാധാകൃഷ്ണന്‍ മാസ്റ്റര്‍, എ സുജനപാല്‍, ഉമ്മര്‍ പാണ്ടികശാല, പാലക്കീഴ്‌ നാരായണന്‍ തുടങ്ങി സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ പ്രശസ്തര്‍ സെമിനാറുകളില്‍ സംസാരിച്ചു.

മാര്‍ച്ച്‌ 3 നു വൈകുന്നേരം നടന്ന വര്‍ണ്ണശബളമായ സാംസ്കാരിക ഘോഷയാത്രയില്‍ പഞ്ചവാദ്യം, ശിങ്കാരിമേളം എന്നിവയുടെ അകമ്പടിയോടെ സ്ത്രീകളടക്കം നൂറുകണക്കിനു ഗ്രന്ഥശാലാ പ്രവര്‍ത്തകര്‍ പങ്കെടുത്തു. ഉപ്പുസത്യഗ്രഹത്തിനു പുറമേ ഗ്രാമീണ വായനശാല, ഭാഷാപിതാവ്‌ തുഞ്ചത്തെഴുത്തശ്ശന്‍, ജ്നാനപീഠ പുരസ്കാരം ലഭിച്ച യശ:ശരീരരായ ജി ശങ്കരക്കുറുപ്പ്‌, എസ്‌ കെ പൊറ്റക്കാട്‌, തകഴി എന്നിവരുടെ നിശ്ചലദൃശ്യങ്ങളും ഉണ്ടായിരുന്നു. ഘോഷയാത്രക്കു ശേഷം നടന്ന പൊതുസമ്മേളനം യു എ ഖാദര്‍ ഉദ്ഘാടനം ചെയ്തു. ഉമയനെല്ലൂര്‍ കുഞ്ഞികൃഷ്ണപിള്ള, മനയത്ത്‌ ചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.


രണ്ടു ദിവസത്തെ സര്‍ഗ്ഗോത്സവത്തില്‍ പങ്കെടുത്ത പ്രതിനിധികള്‍ പുതിയ ഉണര്‍വ്വും ആവേശവുമായാണു തിരികെ പോയത്‌.