Wednesday, March 4, 2009

സര്‍ഗ്ഗോത്സവത്തില്‍ ഉപ്പു സത്യഗ്രഹം

ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ മാര്‍ച്ച്‌ 2,3 തിയ്യതികളില്‍ കോഴിക്കോട്ട്‌ നടന്ന സര്‍ഗ്ഗോത്സവത്തില്‍ യുവജനയുടെ നേതൃത്വത്തില്‍ അവതരിപ്പിച്ച നിശ്ചലദൃശ്യം ശ്രദ്ധേയമായിരുന്നു.സ്വാതന്ത്ര്യ സമരചരിത്രത്തില്‍ കോഴിക്കോടിന്റെ പാരമ്പര്യത്തിന്റേയും പൈതൃകത്തിന്റേയും ധന്യമായ ഓര്‍മ്മയുണര്‍ത്തി, പി കൃഷ്ണപ്പിള്ള, മുഹമ്മദ്‌ അബ്ദുറഹിമാന്‍ സാഹിബ്‌ എന്നിവരുടെ നേതൃത്വത്തില്‍ 1930 ല്‍ നടന്ന ഉപ്പുസത്യാഗ്രഹമായിരുന്നു നിശ്ചലദൃശ്യത്തിന്റെ വിഷയം.






മാര്‍ച്ച്‌ 2 നു പ്രശസ്ത ചരിത്രകാരന്‍ ഡോ കെ കെ എന്‍ കുറുപ്പ്‌ ഉദ്ഘാടനം ചെയ്ത സര്‍ഗ്ഗോത്സവത്തില്‍ കോഴിക്കോട്‌ ജില്ലയിലെ വിവിധ ഗ്രന്ഥാലയങ്ങളെ പ്രതിനിധീകരിച്ച്‌ നിന്ന് നാനൂറിലേറെ പേര്‍ പങ്കെടുത്തു.

"വര്‍ഗീയതയും ഭീകരവാദവും", "ഇന്ത്യന്‍ സമ്പദ്ഘടനയും വികസന നിലപാടും", "സാംസ്കാരിക രംഗവും ഗ്രന്ഥശാലകളും" എന്നീ വിഷയങ്ങള്‍ കേന്ദ്രീകരിച്ച്‌ മൂന്നു സെമിനാറുകള്‍ നടന്നു. കെ ഇ എന്‍, യു കെ കുമാരന്‍, എം രാധാകൃഷ്ണന്‍ മാസ്റ്റര്‍, എ സുജനപാല്‍, ഉമ്മര്‍ പാണ്ടികശാല, പാലക്കീഴ്‌ നാരായണന്‍ തുടങ്ങി സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ പ്രശസ്തര്‍ സെമിനാറുകളില്‍ സംസാരിച്ചു.

മാര്‍ച്ച്‌ 3 നു വൈകുന്നേരം നടന്ന വര്‍ണ്ണശബളമായ സാംസ്കാരിക ഘോഷയാത്രയില്‍ പഞ്ചവാദ്യം, ശിങ്കാരിമേളം എന്നിവയുടെ അകമ്പടിയോടെ സ്ത്രീകളടക്കം നൂറുകണക്കിനു ഗ്രന്ഥശാലാ പ്രവര്‍ത്തകര്‍ പങ്കെടുത്തു. ഉപ്പുസത്യഗ്രഹത്തിനു പുറമേ ഗ്രാമീണ വായനശാല, ഭാഷാപിതാവ്‌ തുഞ്ചത്തെഴുത്തശ്ശന്‍, ജ്നാനപീഠ പുരസ്കാരം ലഭിച്ച യശ:ശരീരരായ ജി ശങ്കരക്കുറുപ്പ്‌, എസ്‌ കെ പൊറ്റക്കാട്‌, തകഴി എന്നിവരുടെ നിശ്ചലദൃശ്യങ്ങളും ഉണ്ടായിരുന്നു. ഘോഷയാത്രക്കു ശേഷം നടന്ന പൊതുസമ്മേളനം യു എ ഖാദര്‍ ഉദ്ഘാടനം ചെയ്തു. ഉമയനെല്ലൂര്‍ കുഞ്ഞികൃഷ്ണപിള്ള, മനയത്ത്‌ ചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.


രണ്ടു ദിവസത്തെ സര്‍ഗ്ഗോത്സവത്തില്‍ പങ്കെടുത്ത പ്രതിനിധികള്‍ പുതിയ ഉണര്‍വ്വും ആവേശവുമായാണു തിരികെ പോയത്‌.

Sunday, January 11, 2009

ജനകീയ സാഹിത്യ അരങ്ങില്‍ പാത്തുമ്മയുടെ ആട്‌...

യുവജന സ്പോര്‍ട്‌ സ്‌ ക്ലബ്ബ്‌ ആന്റ്‌ ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ ജനകീയ സാഹിത്യ അരങ്ങ്‌ നടത്തി. വൈക്കം മുഹമ്മദ്‌ ബഷീറിന്റെ പാത്തുമ്മയുടെ ആട്‌ എന്ന നോവലിക്കുറിച്ചുള്ള ചര്‍ച്ചയില്‍ സാഹിത്യരംഗത്തെ പ്രശസ്തര്‍ പങ്കെടുത്തു.

സ്വാഗതസംഘം ചെയര്‍മാന്‍ കെ ടി രവി അധ്യക്ഷത വഹിച്ച യോഗം ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി കെ ചന്ദ്രന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. മുഖ്യാതിഥി കേരള സാഹിത്യ അക്കാഡമി സെക്രട്ടറി പുരുഷന്‍ കടലുണ്ടി ബഷീറിന്റെ ജന്മശതാബ്ധിവര്‍ഷത്തില്‍ ഇത്തരമൊരു ചര്‍ച്ച കൂടുതല്‍ പ്രസക്തമാണെന്നു പറഞ്ഞു

കോഴിക്കോട്‌ സര്‍വ്വകലാശാലയിലെ ഡോ രാഘവന്‍ പയ്യനാട്‌ വിഷയം അവതരിപ്പിച്ചു സംസാരിച്ചു. തുടര്‍ന്നു നടന്ന ചര്‍ച്ചയില്‍ ടി ശിവദാസ്‌, കെ പി ശശികുമാര്‍ എന്നിവര്‍ പങ്കെടുത്തു. നേരത്തെ സി പ്രസീലന്‍ സ്വാഗതവും സി കെ മുരളീധരന്‍ നന്ദിയും പറഞ്ഞു

കേരള സാഹിത്യ അക്കാഡമി സെക്രട്ടറി പുരുഷന്‍ കടലുണ്ടി സംസാരിക്കുന്നു





സ്ത്രീകളടക്കം ധാരാളം പേര്‍ സാഹിത്യ അരങ്ങില്‍ പങ്കെടുത്തു.

Thursday, January 1, 2009

യുവജന വാര്‍ത്തകള്‍ ആരംഭിക്കുന്നു

Happy New Year from Yuvajana

കോഴിക്കോട്‌ നഗരത്തില്‍ ചേവരമ്പലം പ്രദേശത്തെ ഒരു സാംസ്കാരിക സംഘടനയാണ്‌ യുവജന സ്പോര്‍ട്‌സ്‌ ക്ലബ്ബ്‌ ആന്റ്‌ ലൈബ്രറി. 1954 ല്‍ രൂപീകൃതമായ യുവജന, പ്രദേശത്തെ സാമൂഹിക-സാംസ്കാരിക-കായിക-കലാ മണ്ഡലങ്ങളിലെല്ലാം ശ്രദ്ധേയമായ പ്രവര്‍ത്തനം നടത്തിവരുന്നു. യുവജനയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന പരിപാടികളെക്കുറിച്ച്‌ ഇനി മുതല്‍ ഈ ബ്ലോഗില്‍ വായിക്കാം.





2008 ഡിസംബര്‍ 7 നു "അടുക്കളയിലെ രസതന്ത്രം" എന്ന വിഷയത്തില്‍ കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പ്രവര്‍ത്തകന്‍ ഡോ: ഡി കെ ബാബു പ്രഭാഷണം നടത്തി. ഭക്ഷണം എങ്ങിനെ കമ്പോളവല്‍ക്കരിക്കപ്പെടുന്നുവെന്നും, വില്‍പ്പനക്ക്‌ ആക്കം കൂട്ടാന്‍ ഉപയോഗിക്കുന്ന രാസവസ്തുക്കള്‍ ആരോഗ്യത്തിനു എത്രമാത്രം ഹാനികരമാകുന്നുവെന്നും സരസമായി വിശദീകരിച്ച പ്രഭാഷണം കേള്‍ക്കാന്‍ സ്ത്രീകളക്കം വലിയ ഒരു സദസ്സുണ്ടായിരുന്നു.

ഡിസംബര്‍ 27 നു നടന്ന സാംസ്കാരിക സന്ധ്യ അവിസ്മരണീയമായ മറ്റൊരു അനുഭവമായിരുന്നു. കേരളീയ കലാകാരന്മാര്‍ക്കൊപ്പം പഞ്ചാബ്‌,ഗുജറാത്ത്‌ സംസ്ഥാനങ്ങളിലെ കലാകാരന്മാരും ചേര്‍ന്ന് നടത്തിയ നൃത്തനൃത്യങ്ങളും മറ്റു കലാപരിപാടികളും വന്‍ ജനാവലിയുടെ മനം കവര്‍ന്നു.ദേശീയോല്‍ഗ്രധന പരിപാടിയുടെ ഭാഗമായാണ്‌ അന്യസംസ്ഥാന കലാകാരന്മാര്‍ ഇവിടെയെത്തിയത്‌.


















അടുത്ത പരിപാടി ജനുവരി 11 നു നടക്കുന്ന "ജനകീയ സാഹിത്യ അരങ്ങാ"ണ്‌. വൈക്കം മുഹമ്മദ്‌ ബഷീറിന്റെ "പാത്തുമ്മയുടെ ആട്‌" എന്ന കൃതി ആസ്പദമാക്കിയുള്ള ചര്‍ച്ചയില്‍ പ്രശസ്ത വ്യക്തികള്‍
പങ്കെടുക്കുന്നു